- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു: കെജ്രിവാൾ
ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ സ്ഥാനം ബിജെപി. നേതാവ് മനോജ് സോങ്കർ രാജിവെച്ചതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ കൗൺസിലർമാരെ ബിജെപി വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പിനെതിരേ ആം ആദ്മി പാർട്ടി നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയായിരുന്നു ഞായറാഴ്ച രാത്രി മനോജ് സോങ്കർ രാജിവെച്ചത്. ഈ വിഷയത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.
ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയെ പരാജയപ്പെടുത്തിയാണ് സോങ്കർ വിജയിച്ചത്. ബിജെപി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. ചണ്ഡീഗഢിലെ 8 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും ചേർന്നാണ് ബിജെപിയെ നേരിട്ടത്. 35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി, കോൺഗ്രസ് സഖ്യത്തിന് 20 വോട്ടുകളുടെയും ബിജെപിക്ക് 15 വോട്ടുകളുടെയും പിന്തുണയുണ്ടായിരുന്നു.
19 വോട്ടുകളുടെ ഭൂരിപക്ഷം എഎപി, കോൺഗ്രസ് സഖ്യം അനായാസം മറികടക്കുമെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുന്നതായിരുന്നു പരാജയം. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെയാണ് ബിജെപി. സ്ഥാനാർത്ഥി മനോജ് സോങ്കർ മേയറായി ജയിച്ചത്.
എന്നാൽ പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങൾ പുറത്തായതോടെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. വരണാധികാരിയായ അനിൽ മസീഹ് ബാലറ്റ് പേപ്പറിൽ എഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്തുവന്നത്. ഇതിനിടെ ഇയാൾ സി.സി.ടി.വി.യിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒട്ടേറെ പ്രതിപക്ഷനേതാക്കൾ വീഡിയോ സാമൂഹികമാധ്യങ്ങളിൽ പങ്കുവെച്ചു.
തുടർന്ന് എ.എ.പി.യും കോൺഗ്രസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെയാണ് എ.എ.പി. സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു. ബാലറ്റും വീഡിയോദൃശ്യങ്ങളും സംരക്ഷിക്കാൻ നിർദ്ദേശം നൽകിയ സുപ്രീംകോടതി, വരണാധികാരി അനിൽ മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.