- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലല്ല, രാഹുൽ അമേഠിയിൽ മത്സരിക്കണം, വെല്ലുവിളിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലല്ല, ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നു വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിച്ചത്.
2019ൽ രാഹുൽ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. അമേഠിയിലെ ജനങ്ങൾക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമായ വീഥികൾ വിളിച്ചു പറയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദീർഘകാലം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ പരാജയപ്പെട്ടിരുന്നു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി അന്നു വിജയിച്ചത്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 2019ൽ ഒരു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാനായത്. റായ്ബറേലിയിൽനിന്ന് സോണിയ ഗാന്ധി പാർലമെന്റിലെത്തി. ഇത്തവണ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയിൽ പുതിയ സ്ഥാനാർത്ഥിയാവും നിൽക്കുക.
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് 37 ദിവസം പൂർത്തിയാക്കും. ബാബുഗഞ്ചിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച രാത്രി അമേഠിയിൽ തങ്ങുന്ന സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും.