ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽനിന്നു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ചമ്പൽ താഴ്‌വരയിൽ നിന്നും കണ്ടെത്തി. ഈ മാസം ഫെബ്രുവരി 11 മുതൽ കാണാതായ രചിത് സോന്ധ്യയുടെ (16) മൃതദേഹമാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയും എൻട്രൻസ് വിദ്യാർത്ഥിയുമായ രചിത് കോച്ചിങ് സെന്ററിലെ സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുക ആയിരുന്നു.

പരീക്ഷയുടെ സമ്മർദ്ദം താങ്ങാനാവാതെയാണ് രചിത് ഹോസ്റ്റൽ വിട്ടത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എത്തുന്ന കോച്ചിങ് ഹബ്ബായ കോട്ടയിൽ പഠിക്കുകയായിരുന്നു രചിത് സോന്ധ്യ. കാണാതായതിന് പിന്നാലെ ഗരാഡിയ മഹാദേവ് ക്ഷേത്രത്തിനു സമീപമുള്ള വനമേഖലയിൽ രചിത് പ്രവേശിക്കുന്നതു സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. കുന്നിൽനിന്ന് താഴ്‌വരയിലേക്ക് ചാടിയതാകാമെന്നു പൊലീസ് സംശയിക്കുന്നു.

നേരത്തെ, മകനെ കണ്ടെത്താൻ സഹായിക്കണമെന്നു പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് രചിത്തിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കോച്ചിങ് സെന്ററുകളിലെ സമ്മർദമാകാം വിദ്യാർത്ഥികളുടെ മരണത്തിനു പിന്നിലെന്നാണു സംശയം. ഈ വർഷം ചമ്പൽ താഴ്‌വരയിൽനിന്നു കണ്ടെടുക്കുന്ന അഞ്ചാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹമാണിത്.