ഹൈദരാബാദ്: അടുത്ത മാസം വിവാഹം നടക്കാനിരിക്കെ ചിരി മനോഹരമാക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിനു ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജമാണ് (28) ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16നായിരുന്നു സംഭവം. ഹൈദരാബാദ് ഇന്റർനാഷനൽ ഡെന്റൽ ക്ലിനിക്കിലായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്കായി നൽകിയ അനസ്തീഷ്യയുടെ ഡോസ് കൂടിയതാണു മരണത്തിനു കാരണമെന്ന ആരോപണവുമായി ലക്ഷ്മി നാരായണയുടെ പിതാവ് രാമലു വിഞ്ജം രംഗത്തെത്തി.

വിവാഹത്തിന് മുന്നോടിയായി സ്‌മൈൽ എൻഹാൻസ്‌മെന്റ് സർജറി( ചിരിക്കുമ്പോഴുള്ള രൂപഭംഗി മെച്ചപ്പെടുത്താനായി ചെയ്യുന്ന കോസ്‌മെറ്റിക് സർജറി) ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൈദരാബാദിലെ എഫ്.എം.എസ് ഇന്റർനാഷണൽ ഡെന്റൽ ക്ലിനിക്കിൽ സ്‌മൈൽ ഡിസൈനിങ് സർജറി ചെയ്യുന്നതിനിടെയായിരുന്നു മരണം.

സർജറിക്കുശേഷം മകൻ കുഴഞ്ഞുവീണുവെന്നും അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ മരണപ്പെട്ടുവെന്നു പറയുകയായിരുന്നുവെന്നും അച്ഛൻ രാമലു വിഞ്ജം പറഞ്ഞു. മകൻ സർജറിയേക്കുറിച്ച് തങ്ങളോട് പറഞ്ഞില്ലായിരുന്നുവെന്നും മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർ വിളിച്ചു. വേറൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ലക്ഷ്മി നാരായണൻ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണു വിവരം.

ഫെബ്രുവരി പതിനാറിന് വൈകുന്നേരം നാലരയ്ക്കാണ് ലക്ഷ്മി നാരായണയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിക്കുന്നത്. രണ്ടുമണിക്കൂറോളം സർജറി നീണ്ടുവെന്നും ഏഴുമണിയോടെ ബോധക്ഷയം സംഭവിച്ചുവെന്നു പറഞ്ഞ് വീട്ടിലേക്ക് ഫോൺകോൾ വരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞയാഴ്‌ച്ചയാണ് ലക്ഷ്മി നാരായണയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ മരണത്തിനു പിന്നിലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരിക്കുകയാണ്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു നടന്നത് എന്താണെന്നു വ്യക്തത വരുത്തണമെന്നാണു കുടുംബത്തിന്റെ ആവശ്യം. ആശുപത്രി രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു.