ന്യൂഡൽഹി: ഡൽഹി മദ്യ ലൈസൻസ് അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയ്ക്ക് സിബിഐയുടെ സമൻസ്. മദ്യ ലൈസൻസ് അഴിമതിക്കേസിൽ ഈ മാസം 26ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്.

ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡിയുടെ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്.

ഈ കേസിൽ സമാന്തരമായുള്ള സിബിഐ അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും സമൻസ് നൽകിയത്. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് നിഗമനം. കവിതയെ മുൻപും സിബിഐ ചോദ്യം ചെയ്തിരുന്നു.