ഇംഫാൽ: മെയ്തി വിഭാഗത്തെ പട്ടിക വർഗത്തിൽ (എസ്ടി) ഉൾപ്പെടുത്തുന്നതു പരിഗണിക്കാനുള്ള നിർദ്ദേശം മണിപ്പൂർ ഹൈക്കോടതി ഒഴിവാക്കി. റിവ്യൂ ഹർജിയിലാണ് ഹൈക്കോടതി നടപടി.

മെയ്തി ട്രൈബ് യൂണിയൻ നൽകിയ ഹർജിയിലാണ്, ഇവരെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം മാർച്ച് 27ലെ ഉത്തരവ് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിനും വഴിവച്ചിരുന്നു. ഇതിനെതിരെ നൽകിയ റിവ്യൂ ഹർജിയിലാണ്, ജസ്റ്റിസ് ഗോൽമെയ്‌ ഗൈഫുൽശില്ലു ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തത്.

പട്ടിക വർഗത്തിൽ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരാമർശങ്ങൾക്ക് ഒത്തുപോവുന്നതല്ല സിംഗിൾ ബെഞ്ച് ഉത്തരവിലെ നിർദേശമെന്ന് വിലയിരുത്തിയാണ്, ഉത്തരവിൽ ഭേദഗതി വരുത്തുന്നതായി ഹൈക്കോടതി വ്യക്തമാക്കിയത്. പട്ടിക വിഭാഗത്തിൽ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് രാഷ്ട്രപതിയുടെ വിവേചന അധികാരമാണെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.