മുംബൈ: മഹാരാഷ്ട്രയിലെ മരുന്ന് നിർമ്മാണ കമ്പനിയിൽ നിന്നും നിരോധിത മയക്കുമരുന്നായ മെഫഡ്രോൺ പിടികൂടി. സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ തിരച്ചിലിലാണ് മയക്കു മരുന്ന് കമ്പനിക്ക് പിടിവീണത്. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എംഐഡിസി) കുർകുമ്പിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിൽ നിന്നാണ് മെഫഡ്രോൺ പിടികൂടിയത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നു പരിശോധനയിൽ വ്യക്തമായി.

2022ൽ സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എച്ച്‌ഐവി, രക്തസമ്മർദ്ദം, പ്രമേഹം, കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിനും വേദനസംഹാരികളും കമ്പനിയിലെ ലബോറട്ടറിയിൽ നിർമ്മിക്കുമെന്നാണു വിവിധ രേഖകളിലുള്ളത്. അതേസമയം, കമ്പനി നിർമ്മിക്കുമെന്നു പറയുന്ന ഒരു മരുന്നുകളും വിപണിയിൽ ലഭ്യമല്ലെന്നും വ്യക്തമായിട്ടുണ്ട്.

അതേസമയം 25 ഇനം മരുന്നുകൾ നിർമ്മിക്കുമെന്ന് അവകാശപ്പെടുന്ന സ്ഥാപനം നിറയെ, മെഫഡ്രോൺ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നു ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ലൈസൻസിനു വേണ്ടി തങ്ങളെ ഇതുവരെ സ്ഥാപനം സമീപിച്ചിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഡൽഹിയിലും പുണെയിലും പൊലീസ് സംഘങ്ങൾ നടത്തിയ വൻ ലഹരിവേട്ടയിൽ ഇന്നലെ 1,100 കിലോ മെഫഡ്രോൺ പിടികൂടിയിരുന്നു. ഇതിനു തുടർച്ചയായാണു ഇന്നും റെയ്ഡ് നടന്നത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ 2500 കോടി രൂപയുടെ ലഹരിയാണു പിടികൂടിയത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കുറിയർ കമ്പനിയുടെ മറവിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്.