ഹൈദരാബാദ്: തെലങ്കാന യുവ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37)യാണ് ദാരുണമായി മരിച്ചത്. ഇന്നു പുലർച്ചെ ഹൈദരാബാദിൽ വച്ചായിരുന്നു അപകടം. ലാസ്യ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലാസ്യയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഗുരുതര പരക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. എംഎൽഎയായിരുന്നു പിതാവിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ലാസ്യയെ മത്സരിപ്പിക്കാൻ ബിആർഎസ് തീരുമാനിച്ചത്.രാഷ്ട്രീയ രംഗത്തെ പ്രമുഖ വനിതാ സാന്നിധ്യമായ ലാസ്യ നന്ദിത, 2016 മുതൽ കാവടിഗുഡ കോർപറേഷനിൽ കൗൺസിലറായിരുന്നു.

1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, 2014ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡലത്തിൽനിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാസ്യ നന്ദിതയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിവിധ നേതാക്കൾ അനുശോചനം അറിയിച്ചു.