- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകസമരത്തിനിടെ മറ്റൊരു കർഷകൻ കൂടി മരിച്ചു; വെടിയേറ്റെന്ന് സമരക്കാർ; മരണസംഖ്യ അഞ്ചായി; ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കമെന്ന് കർഷക നേതാക്കൾ; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കർഷകന്റെ കുടുംബം
ന്യൂഡൽഹി: കർഷക സമരത്തിനിടെ ഡൽഹിയിൽ ഒരു കർഷകൻ കൂടി മരിച്ചതോടെ പ്രതിഷേധം കടുപ്പിച്ച് സമരക്കാർ. പൊലീസ് നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചെന്ന് നേതാക്കൾ അറിയിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിങ് (62) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഇതോടെ ഈ സമരത്തിൽ പങ്കെടുക്കവെ മരിച്ചവരുടെ എണ്ണം അഞ്ചായെന്നും സമരക്കാർ പറഞ്ഞു. ഖനൗരി അതിർത്തിയിൽ സമരത്തിന്റെ അദ്യ ദിനം മുതൽ ദർശൻ സിങ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി. മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിർത്തിയിൽ കർഷകർ മരിക്കുന്നത് തടയാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലാണ്.
ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണം എന്ന് കർഷക നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അല്ലാതെ വെടിയേറ്റ് മരിച്ച യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് നിലപാട്. മൃതദേഹം സൂക്ഷിച്ച പട്യാലയിലെ ആശുപത്രി നേതാക്കൾ സന്ദർശിച്ചു.
അതിനിടെ നോയിഡയിലെ കർഷകരുടെ സമരം മാർച്ചിലേക്ക് മാറ്റിവെച്ചു. യുപി സർക്കാർ കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് തീരുമാനം. നോയിഡ, ഗ്രേറ്റർ നോയിഡ വികസന അഥോറിറ്റി ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ നഷ്ടപരിഹാരം അടക്കം ആവശ്യപ്പെട്ടാണ് നോയിഡയിലെ കർഷകർ പ്രതിഷേധിക്കുന്നത്. എന്നാൽ വിഷയത്തിൽ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് യുപി സർക്കാർ സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരൻ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച പഞ്ചാബ് സർക്കാരിന്റെ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കർഷകന് വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരൻ സിങ്ങിന്റെ കുടുംബം പറഞ്ഞു.
ഖനൗരി അതിർത്തിയിലെ കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൻ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഭട്ടിൻഡ സ്വദേശിയായ ശുഭ്കരൻ സിങ്ങ് കൊല്ലപ്പെടുകയും 12 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച കർഷകർ ബാരിക്കേഡുകൾക്ക് അടുത്തേക്ക് പോകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ