ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ബക്കറ്റിലെ ചൂടുവെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. അമ്മയുടെ ശ്രദ്ധമാറിയ സമയത്ത് കുട്ടി അബദ്ധത്തിൽ ചൂടുവെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തിങ്കളാഴ്ച സോഹ്നയിലെ ദംദമ ധനി ഗ്രാമത്തിലായിരുന്നു അപകടം.

കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റിൽ ചൂടുവെള്ളം വച്ചിരുന്നു. തുടർന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെനിന്ന് പോയി. അൽപനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തിൽ വീണനിലയിൽ കണ്ടത്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.