- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തിരഞ്ഞെടുപ്പ്: തമിഴ് മാനില കോൺഗ്രസ് എൻഡിഎ മുന്നണിൽ തുടരും; തമിഴ്നാട്ടിൽ പോരാട്ടം കടുപ്പിക്കാൻ ബിജെപി നീക്കം
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുമെന്ന നിലപാട് വ്യക്തമാക്കി തമിഴ് മാനില കോൺഗ്രസ് (ടിഎംസി). പാർട്ടി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ജി.കെ.വാസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച തിരുപ്പൂർ ജില്ലയിലെ പല്ലടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിലാണ് തമിഴ് മാനില കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ അണ്ണാഡിഎംകെ ബിജെപി സഖ്യം വേർപിരിഞ്ഞിരുന്നു. ഇതിനുശേഷം തമിഴ് മാനില കോൺഗ്രസ് ഏതു പക്ഷത്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. പുതിയ പ്രഖ്യാപനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷമായ അണ്ണാഡിഎംകെയ്ക്കും പുറമെ മറ്റൊരു പാർട്ടി കൂടി നേതൃത്വം നൽകുന്ന മുന്നണിക്ക് കളം തെളിഞ്ഞു.
തന്റെ പിതാവും മുതിർന്ന നേതാവുമായ അന്തരിച്ച ജി.കെ.മൂപ്പനാർ പാർട്ടി സ്ഥാപിച്ച കാലം മുതൽ തമിഴ് മാനില കോൺഗ്രസിന് ദേശീയ കാഴ്ചപ്പാട് ഉണ്ടായിരുന്നുവെന്നും ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം തമിഴ്നാടിന്റെയും തമിഴരുടെയും ക്ഷേമത്തിനു വേണ്ടിയും ശക്തവും സമ്പന്നവുമായ ഇന്ത്യയ്ക്കു വേണ്ടിയുമാണെന്ന് ജി.കെ.വാസൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വരണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്