കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവ് തപസ് റോയ് പാർട്ടി വിട്ടു. ബാരാനഗർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎ‍ൽഎയും ഭരണകക്ഷിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പുമായ അദ്ദേഹം ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബന്ദോപാധ്യായക്ക് രാജി സമർപ്പിച്ചു

'തൃണമൂൽ കോൺഗ്രസ് ഇനി എന്റേതല്ല. ഞാനിപ്പോൾ സ്വതന്ത്രമായ പക്ഷിയാണ്. അടുത്ത നടപടി എന്താണെന്ന് എല്ലാവരെയും പിന്നീട് അറിയിക്കും' -മൂന്ന് തവണ തൃണമൂൽ എംഎ‍ൽഎ ആയിരുന്ന അദ്ദേഹം പറഞ്ഞു.

പാർട്ടി വിടാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു, തൃണമൂൽ സംസ്ഥാന സെക്രട്ടറി കുനാൽ ഘോഷ് എന്നിവർ തപസ് റോയിയുടെ വീട്ടിലെത്തി ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. പക്ഷേ, കാര്യമുണ്ടായില്ല. നേതാക്കൾ പോയ ശേഷം തപസ് വീട്ടിൽ തന്നെ വാർത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

റിക്രൂട്ട്മെന്റ് അഴിമതി ആരോപണത്തെ തുടർന്ന് ജനുവരി 12ന് ഇ.ഡി. അധികൃതർ തപസ് റോയിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽ നടന്ന റെയ്ഡിന് ശേഷം പാർട്ടിയിൽനിന്ന് ആരും തന്നെയോ കുടുംബത്തെയോ വിളിച്ചില്ലെന്ന് അത് ഏറെ വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. 24 വർഷമായി തൃണമൂൽ കോൺഗ്രസിനൊപ്പമാണ്. മമത ബാനർജി ഒരു തവണ പോലും വിളിച്ചില്ല. ആരും എനിക്കൊപ്പവും എന്റെ കുടുംബത്തിനൊപ്പവും നിന്നില്ല -അദ്ദേഹം പറഞ്ഞു.

തപസ് റോയ് ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയം സാധ്യതകളുടെ കളിയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്തോ മജുംദാർ പറഞ്ഞത്.