പട്‌ന: ബിഹാറിലെ സമസ്തിപൂരിൽ ഗർഭ നിരോധന ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരിയിലെ സ്വകാര്യ ഹെൽത്ത് കെയർ സെന്ററിൽ ശസ്ത്രക്രിയക്ക് വിധേയയായ ബബിതാ ദേവി (28 ) ആണ് മരിച്ചത്. ഡോക്ടർ ഇല്ലാത്തതിനാൽ ജൂനിയർ സ്റ്റാഫ് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നായിരുന്നു മരണം.

രാവിലെ ഒമ്പതോടെയാണ് ബബിതയെ ആശുപത്രിയിലെത്തിച്ചത്. 11 മണിയോടെ ശസ്ത്രക്രിയയുടെ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം ബബിതയെ ആംബുലൻസിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആരോഗ്യ സ്ഥിതിയെ കുറിച്ച് അധികൃതർ ഒന്നും പറഞ്ഞില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

ബബിതയുടെ മൃതദേഹവുമായി കുടുംബം ഹെൽത്ത് കെയർ സെന്ററിന് മുന്നിൽ പ്രതിഷേധിച്ചു. ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് ബബിതയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു