തേനി: വനിത പൊലീസുകാരെ സാമൂഹ്യ മാധ്യമങ്ങളിലൂലെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ തമിഴ് യൂട്യൂബറും അഴിമതി വിരുദ്ധ പോരാളിയുമായ സവുക് ശങ്കർ റിമാന്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹായികളെയും കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ശങ്കറിന്റെ ഡ്രൈവർ രാം പ്രഭു (24), സഹായി രാജരത്നം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശങ്കറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ശങ്കർ അറസ്റ്റിലായതിന് പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ പഴനി സെട്ടിപ്പട്ടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവരുടെ വാഹനത്തിൽ നിന്ന് അര കിലോ കഞ്ചാവ് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നത്. എന്നാൽ ശങ്കറിന് എതിരായ കേസിന് ബലം കൂട്ടാൻ വച്ച് പിടിപ്പിച്ചതാണെന്ന ആരോപണവും ശക്തമാണ്.

അപകീർത്തി കേസിൽ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ സൈബർ ക്രൈം പൊലീസ് സവുക് ചന്ദ്രനെ അറസ്റ്റ് ചെയ്തത്. തേനിക്കടുത്ത് പൂത്തിപ്പുറം റോഡിലെ ഹോട്ടലിൽ നിന്നാണ് സവുക് ശങ്കറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.