- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമതക്കെതിരെ അധിക്ഷേപ പരാമർശം; അഭിജിത്ത് ഗംഗോപാധ്യായക്ക് വിലക്ക്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബംഗാളിലെ ബിജെപി നേതാവും സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചരണത്തിൽ വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് 5 മണിമുതൽ 24 മണിക്കൂർ നേരത്തേക്കാണ് പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹാൽദിയയിൽ മെയ് 15 നാണ് അഭിജിത്ത് ഗംഗോപാധ്യയായ വിവാദ പരാമർശം നടത്തിയത്. ബിജെപിയുടെ സന്ദേശ്ഖാലി സ്ഥാനാർത്ഥി രേഖ പാത്രയെ 2000 രൂപയ്ക്ക് വിലയ്ക്കെടുത്തുവെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ. ഇതായിരുന്നു അഭിജിത്ത് ഗംഗോപാധ്യയുടെ പരാമർശം. ഇത് വിവാദമാക്കിയ ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു.
അഭിജിത്ത് ഗംഗോപാധ്യായ മമത ബാനർജിക്കെതിരെ നടത്തിയ പരാമർശം വൻവിവാദമായിരുന്നു. പരാമർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. മാത്രമല്ല, അഭിജിത് ഗംഗോപാധ്യായക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ രൂക്ഷവിമർശനമുയർത്തുകയും ചെയ്തിട്ടുണ്ട്. മാന്യതക്ക് നിരക്കാത്ത പരാമർശമെന്ന് ആദ്യം തന്നെ വിമർശിച്ചിരുന്നു.
സ്ഥാനാർത്ഥിയുടെ വീഡിയോയും പരാമർശത്തിന്റെ ഇംഗ്ലീഷ് തർജ്ജമയും ഉൾപ്പെടുത്തിയാണ് പാർട്ടി പരാതി നൽകിയിരുന്നത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയും പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മെയ് 20ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നടത്തിയ പരാമർശം സംബന്ധിച്ച് വിശദീകരണം നൽകണെമെന്ന് അഭിജിത്ത് ഗംഗോപാധ്യായോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ക്രമിനൽ നടപടി സ്ഥാനാർത്ഥിക്കെതിരെ എടുക്കണമെന്നാണ് ടിഎംസി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗാൾ ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണ പരാതി ബിജെപിയെ തെരഞ്ഞെടുപ്പിൽ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യമാണ്. അതിനിടയിലാണ് സ്ഥാനാർത്ഥിയുടെ പരാമർശവും പാർട്ടിയെ വെട്ടിലാക്കുന്നത്. കൽക്കട്ട ഹൈക്കോടതി ജഡ്ജി ആയിരുന്ന അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെ തംലൂക്കിലെ ബിജെപി സ്ഥാനാർത്ഥിയായി. ജഡ്ജി ആയിരിക്കുമ്പോൾ അദ്ദേഹം നടത്തിയ പലപരാമർശങ്ങളും വിധികളും ടിഎംസിയുടെ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.