മുംബൈ: മദ്യലഹരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കുകയും രണ്ടുപേർ കൊല്ലപ്പെട്ടടുകയും ചെയ്ത കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് കൗമാരക്കാരനെ ചിൽഡ്രൻ ഒബ്‌സർവേഷൻ സെന്ററിലേക്ക് അയച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരിലുള്ള വകുപ്പുകളും ചുമത്തി. കൗമാരക്കാരമ് ജാമ്യം നൽകിയ ജുവനൈൽ കോടതി നടപടി വിവാദമായതിനു പിന്നാലെ പൊലീസ് നൽകിയ പുനപരിശോധനാ ഹർജിയിലാണ് നടപടി.

അപകടത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ നിർദേശിച്ച ശേഷം ജാമ്യം നൽകുകയാണ് കോടതി ആദ്യം ചെയ്തത്. ഇതാണ് കടുത്ത എതിർപ്പിന് വഴിവെച്ചത്. പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ചു കുറ്റംചുമത്തണമെന്ന പൊലീസിന്റെ ആവശ്യം പിന്നീടു പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു ആവശ്യം പൊലീസ് ഉന്നയിച്ചത്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ പുണെയിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ട എന്നിവരാണ് മരിച്ചത്. എൻജീനയർമാരായ ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ 17 വയസ്സുകാരൻ ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂണെയിൽ അപകടമുണ്ടാക്കിയ കൗമാരക്കാരന് 25 വയസ് വരെ ലൈസൻസ് നൽകില്ലെന്ന് മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമൻവാർ അറിയിച്ചിരുന്നു

അപകടം നടന്ന രാത്രിയിൽ കൗമാരക്കാരൻ രണ്ട് ബാറുകളിലായി 48,000 രൂപ ചെലവഴിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. മദ്യപിച്ചിട്ടില്ലെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയതിനു പിന്നാലെ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതു പൊലീസിനെ വെട്ടിലാക്കിയിരുന്നു. തുടർന്ന് പിതാവ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് നേരെ ഇന്നലെ ജനക്കൂട്ടം മഷിയെറിഞ്ഞു. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയ ഹോട്ടൽ ഉടമകളെ അറസ്റ്റ് ചെയ്ത പൊലീസ് ബാറുകളും അടച്ച് പൂട്ടിയിരുന്നു.