ഡൽഹി: ജമ്മു കശ്മീരിൽ ഭീകരാക്രമം നടത്തിയതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിർത്ത ഭീകരന്റെതെന്ന് സംശയിക്കുന്ന രേഖാചിത്രമാണ് പുറത്ത് വിട്ടത്.

അതേസമയം ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഭീകരരുടെ വെടിയേറ്റ് രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. ഒരു ഭീകരനെ വധിച്ചു. രണ്ടാമത്തെ ഭീകരനായി തെരച്ചിൽ പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയിലും ഏറ്റുമുട്ടൽ തുടരുന്നുണ്ട്. റിയാസിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു.

കൊല്ലപ്പെട്ട ഡ്രൈവറടക്കം നാല് പേർ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ 33 പേർക്ക് പരുക്കേറ്റു. യുപിയിൽ നിന്ന് ശിവ്ഖോഡിയിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിരുന്നു.