ന്യൂഡൽഹി: കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വർധിപ്പിക്കുന്നെന്നും ജോർജ് കുര്യൻ പറഞ്ഞു.

"ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കു എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തും." ജോർജ് കുര്യൻ പറഞ്ഞു.

മംഗഫിലെ കമ്പനി ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേർ മരിച്ചതായാണു വിവരം. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. 7 മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് (34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ (68), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48) എന്നിവരെയാണു തിരിച്ചറിഞ്ഞത്.