ന്യൂഡൽഹി: സിഐഎസ്എഫിന് ഇതാദ്യമായി വനിതാ മേധാവി. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നീന സിങ്ങാണ് പുതിയ കേന്ദ്ര വ്യവസായ സുരക്ഷാ സേനാ മേധാവി. നേരത്തെ സിഐഎസ്എഫ് പ്രത്യേക ഡിജിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഡൽഹി മെട്രോയ്ക്കും, രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾക്കും സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫാണ്.

2021 മുതൽ സിഐഎസ്എഫിൽ സേവനം അനുഷ്ഠിച്ചുവരികയാണ് നിനാ സിങ്. അടുത്ത വർഷം ജൂലൈ 31 നാണ് വിരമിക്കുന്നത്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിനെ നയിച്ചിരുന്ന അനിഷ് ദയാൽ സിങ്ങിനെ സിആർപിഎഫ് ഡയറക്ടർ ജനറായി നിയമിച്ചു. രാഹുൽ രാസ്‌ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറൽ

ബിഹാർ സ്വദേശിയായ നിനാ സിങ് പട്‌ന വനിതാ കോളേജിലും, ജവഹർലാൽ നെഹ്‌റു സർവകാശാലയിലുമാണ് പഠിച്ചത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവുമുണ്ട്. രാജസ്ഥാനിലെ ഡിജിപി പദവി വഹിച്ചിട്ടുണ്ട് നിനാ സിങ്. 2000 ത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ മെമ്പർ സെക്രട്ടറി എന്ന നിലയിൽ ദുരിതമനുഭവിക്കുന്ന വനിതകൾക്കായി ജില്ലകൾ തോറും ഹിയറിങ് നടത്തുന്ന പരിപാടി നിനാ സിങ് രൂപകല്പന ചെയ്തിരുന്നു.

2013-2018 കാലഘട്ടത്തിൽ, സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നു. ഷീന ബോറ കൊലപാതക കേസ്, ജിയാ ഖാൻ ആത്മഹത്യാ കേസ് എന്നിവയുടെ അന്വഷണത്തിൽ മേൽനോട്ടം വഹിച്ചു. 2020 ൽ അതി ഉത്കൃഷ്ട് സേവാ മെഡൽ സമ്മാനിച്ചു. നിന സിങ്ങിന്റെ ഭർത്താവ് രോഹിത് കുമാർ സിങ് ഐഎഎസുകാരനാണ്. കേന്ദ്ര വാണിജ്യ കാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയാണ്.