കോയമ്പത്തൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രി വളപ്പിൽ നാട്ടുകാരുടെ മുന്നിലിട്ട് നഴ്സിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂർ പി.എൻ.പാളയത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ശിവനന്ദ കോളനിയിലെ വി. നാൻസി(32)യെയാണ് ഭർത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്സ് പൊലീസ് അറിയിച്ചു.

ദാമ്പത്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ രണ്ടുവർഷമായി നാൻസിയും ഭർത്താവ് വിനോദും വേർപിരിഞ്ഞാണ് താമസം. തിങ്കളാഴ്ച വൈകിട്ടോടെയാണ് വിനോദ് ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിട്ടു.

എന്നാൽ ഇതിനോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന നാൻസി, എത്രയുംവേഗം ആശുപത്രിയിൽനിന്ന് പോകാനാണ് ഭർത്താവിനോട് ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിനോദ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നാൻസിയുടെ കഴുത്തിൽ കുത്തിയതെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്നും പൊലീസ് പറഞ്ഞു.

യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ വിനോദ് നഗരത്തിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്. ദമ്പതിമാരുടെ മകൾ വിനോദിനൊപ്പമായിരുന്നു താമസം.