അഹമ്മദാബാദ്: ജാതീയമായ അധിക്ഷേപങ്ങൾക്കും മാനസിക പീഡനങ്ങൾക്കും ഇരയായതിൽ മനം നൊന്ത് ദലിത് വിഭാഗക്കാരനായ സ്‌കൂൾ പ്രിൻസിപ്പാൾ വിഷം കഴിച്ച് ജീവനൊടുക്കി. ഗുജറാത്തിലെ അംറേലി ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാന്തി ചൗഹാൻ എന്ന അദ്ധ്യാപകനാണ് സ്‌കൂളിൽ വെച്ച് ജീവനൊടുക്കിയത്. സംഭവത്തിൽ ഗ്രാമമുഖ്യനും സഹ അദ്ധ്യാപകരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു.

ആത്മഹത്യക്ക് മുമ്പായി അദ്ധ്യാപകൻ ഒരു വിഡിയോ സന്ദേശം സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. ഗ്രാമമുഖ്യൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും ഗ്രാന്റ് തിരിച്ചുനൽകാൻ ആവശ്യപ്പെടുന്നുവെന്നും വിഡിയോയിൽ പറയുന്നു. ഗ്രാമീണരെയും വിദ്യാർത്ഥികളെയും എനിക്കെതിരെ തിരിക്കുകയാണ്. എന്നെയും എന്റെ ജാതിയെയും കുറിച്ച് വളരെ മോശമായ വിധത്തിലുള്ള മെസേജുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് -അദ്ധ്യാപകൻ വിഡിയോയിൽ പറഞ്ഞു.

'ഞാൻ താഴ്ന്ന ജാതിയിൽ നിന്ന് വന്നയാളാണ്. അദ്ധ്യാപകനാണ്. ദയവുചെയ്ത് ആ ജോലി എന്നിൽ നിന്ന് തട്ടിയെടുക്കരുത്. എന്റെ ജാതിയെ ആയുധമാക്കിയാണ് നിങ്ങൾ എന്നെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. ഒരു ഗ്രാമമുഖ്യൻ എന്ന നിലക്ക് നിങ്ങൾക്ക് ചെയ്യരുതാത്ത പ്രവൃത്തിയാണിത്' -വിഡിയോയിൽ പറയുന്നു.

സ്‌കൂളിൽ വെച്ച് ഗ്രാമമുഖ്യൻ തന്നെ കൊല്ലുമോയെന്ന് ഭയമുണ്ടെന്നും അദ്ധ്യാപകൻ പറയുന്നു. സ്‌കൂളിന് ലഭിച്ചിരുന്ന ഗ്രാന്റുകൾ സ്‌കൂളിൽ ചെലവഴിക്കാതെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ഗ്രാമമുഖ്യൻ നിർബന്ധിക്കുന്നതായും പറയുന്നു. സ്‌കൂളിൽ വെച്ച് വിഷം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ അദ്ധ്യാപകനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയാറായത്. ഗ്രാമമുഖ്യൻ മുകേഷ് ബോറിസാഗർ, വിപുൽ ക്യാദ, സ്‌കൂളിലെ സഹ അദ്ധ്യാപകരായ രഞ്ജൻ ലാത്തിയ, ഹൻസ തങ്ക്, ഭാവന എന്നിവർക്കെതിരെയാണ് കേസെടുത്തത്.