ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദയിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

' മദ്ധ്യപ്രദേശിലെ ഹർദയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും'. എക്സിൽ കുറിച്ചു.

സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംമ്പങ്ങൾക്ക് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ 60 ഓളം പേർക്ക് സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സമീപ ജില്ലകളിൽ നിന്ന് കൂടുതൽ ആംബുലൻസുകളുടേയും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.