- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിലും ബിജെപിയിലും പൊട്ടിത്തെറി; മധ്യപ്രദേശിലും രാജസ്ഥാനിലും വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി പ്രവർത്തകർ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തും പ്രതിഷേധം. 92 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മദ്ധ്യപ്രദേശ് ബിജെപിയിലും പൊട്ടിത്തെറികൾ ഉണ്ടായി. സീറ്റ് ലഭിക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ജബൽപൂരിൽ മുൻ മന്ത്രി ശരദ് ജെയിനിന്റെ അനുയായികൾ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ തടഞ്ഞ് വൻ പ്രതിഷേധം നടത്തി. മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെയും പ്രാദേശിക നേതാക്കൾ കയ്യേറ്റം ചെയ്തു.
രാജസ്ഥാൻ ബിജെപിയിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി വൻ പ്രതിഷേധമാണ് നടക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ സി പി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര പ്രവർത്തകർ സംഘടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതിയോളം സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയിൽ ഈ പൊട്ടിത്തൊറി.
രാജ്‌സമന്തിൽ ബിജെപി ഓഫീസ് പ്രവർത്തകർ തന്നെ തല്ലിത്തകർത്തു. ഉദയ്പുർ, ആൽവാർ, ബുണ്ഡി തുടങ്ങിയ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്.മദ്ധ്യപ്രദേശിൽ കോൺഗ്രസ് ആസ്ഥാനത്ത് കോൺഗ്രസ് നേതാവ് ദീപ്തി സിംഗിനായി സ്ത്രീകൾ പ്രതിഷേധിച്ചു. പോസ്റ്ററുകളും പിടിച്ചായിരുന്നു പ്രതിഷേധം. സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെയും മകന്റെയും കോലം കത്തിച്ച് ഒരു വിഭാഗം പ്രതിഷേധിച്ചു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോറിലെ വസതിക്ക് മുന്നിലും പ്രതിഷേധം നടന്നു.