അയോധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ഒരുങ്ങിയ അയോധ്യയുടെ ആകാശദൃശ്യം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറിൽ നിന്ന് ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങൾ.

ചടങ്ങിന്റെ 'മുഖ്യ യജമാനൻ' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി 10.25ന് അയോധ്യ വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം 10.55ന് ക്ഷേത്രത്തിലെത്തിയ കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠ. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.

പ്രധാനമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ പൂർത്തിയായ ശേഷം നാളെ മുതൽ അയോധ്യയിലേക്ക് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. പഴുതടച്ച സുരക്ഷയാണ് എങ്ങും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും. ചടങ്ങിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജെയിനിലുള്ള മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക ഭസ്മ ആരതി അർപ്പിച്ചു.

പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് കണ്ണു തുറക്കുക. കേരളത്തിൽ നിന്നടക്കം സന്യാസ ശ്രേഷ്ഠർ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകാൻ എത്തിയിട്ടുണ്ട്.