ന്യൂഡൽഹി: കോൺഗ്രസ് നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷവാനായി കാണാൻ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബ കാര്യങ്ങൾ പ്രിയങ്ക വെളിപ്പെടുത്തിയത്. രാഹുൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നാൽ സന്തോഷവാനാവുമോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യ സഖ്യമാണ് എന്നായിരുന്നു മറുപടി. റായ്ബറേലിയിലും അമേഠിയിലുമാണ് നിലവിൽ പ്രിയങ്ക ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.

'ഒരു സഹോദരിയെന്ന നിലയിൽ എന്റെ സഹോദരൻ സന്തോഷത്തോടെ ഇരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. വിവാഹിതനായും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ആഗ്രഹിക്കുന്നു' പ്രിയങ്ക പറഞ്ഞു. 'ഞങ്ങൾ രാജ്യത്തൊട്ടാകെ പ്രചാരണത്തിലാണ്. ഞാനിവിടെ 15 ദിവസമായി ഉണ്ട്. അമേഠിയിലും റായ്ബറേലിയിലും ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങൾക്ക് കുടുംബബന്ധമുണ്ട്.' പ്രിയങ്ക പ്രതീക്ഷ പങ്ക് വെച്ചു.