ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം പകർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഭാഗമായി. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുമ്പോഴും സോണിയ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ എത്തുകയായിരുന്നു. യാത്രയുടെ ഭാഗമായി കുറച്ചു ദൂരം നടന്നപ്പോൾ ക്ഷീണം തോന്നിയിട്ടും പിന്മാറാൻ സോണിയ തയാറായില്ല. എന്നാൽ ഇത് മനസ്സിലാക്കിയ രാഹുൽ അമ്മയെ നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു.

നടന്നത് മതിയെന്ന് രാഹുൽ പറയുമ്പോഴും മുന്നോട്ടുനടക്കുന്ന സോണിയയെ വിഡിയോയിൽ കാണാം. എന്നാൽ പിന്നീട് കയ്യിൽ പിടിച്ചുനിർത്തിയ ശേഷം നിർബന്ധപൂർവം രാഹുൽ കാറിൽ കയറ്റുകയായിരുന്നു. കേരളത്തിലൂടെ യാത്ര പുരോഗമിച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ വകവയ്ക്കാതെ എത്തിയ ഉമ്മൻ ചാണ്ടിയെയും രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റിയിരുന്നു. 

കർണാടകയിലൂടെ യാത്ര പുരോഗമിക്കുമ്പോഴാണ് സോണിയയും രാഹുലിനൊപ്പം ഇന്ന് രാവിലെ നടന്നത്. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. സോണിയയും പ്രിയങ്കയും കർണാടകയിലെ യാത്രയിൽ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.