- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്പഥ് ഇനി കർത്തവ്യപഥ്; പേര് മാറ്റം എൻഡിഎംസി അംഗീകരിച്ചു; സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാജ്പഥിന്റെ പേര് മാറ്റി. കർത്തവ്യ പഥ് എന്ന പേര് ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ചേർന്ന പ്രത്യേക യോഗം അംഗീകരിച്ചു. ഇന്ന് പ്രത്യേക യോഗം ചേർന്നാണ് പുനർ നാമകരണം സംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
നാളെയാണ് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കി നവീകരിച്ച രാജ്പഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.ഈ ചടങ്ങിൽ പുതിയ പേര് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള പാതയും സമീപത്തെ പുൽത്തകിടിയും ഉൾപ്പെടെയാണ് ഇനി കർത്തവ്യപഥ് എന്നറിയിപ്പെടുക.
ഇന്ത്യയുടെ മുഖമുദ്രയായ ഡൽഹി നഗര ഹൃദയത്തിലെ വീഥി ഇനി കർത്തവ്യ പഥ് എന്ന് അറിയപ്പെടും. സെൻട്രൽ വിസ്ത പദ്ധതിയുടെ ആദ്യഘട്ടമായാണ് കർത്തവ്യ പഥ് വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. അന്ന് പേരുമാറ്റം പ്രഥാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പ്രഖ്യാപിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്‌സ് വേ എന്ന് നേരത്തെ പേരിട്ടത്.
സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്പഥ് ആയി മാറി. കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയിൽനിന്നും സെന്റ് ജോർജ് ക്രോസ് മുദ്ര നീക്കി പുതിയ പതാക ഉയർത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്‌സ് റോഡിന്റെ പേര് ലോക് കല്യാൺ മാർഗ് എന്ന് മാറ്റിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ