- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്രം ഉദ്ഘാടനം: ശ്രീരാമന്റെ ക്ഷണം ലഭിച്ചവർ മാത്രമേ ചടങ്ങിനെത്തൂ; സിപിഎമ്മിന് മറുപടിയുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. രാമന്റെ ക്ഷണമുള്ളവർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
'സംഘാടകർ ക്ഷണക്കത്ത് എല്ലാവർക്കും നൽകിയിട്ടുണ്ട്. പക്ഷേ ശ്രീരാമന്റെ ക്ഷണം ലഭിച്ചവർ മാത്രമേ ചടങ്ങിനെത്തൂ'. മീനാക്ഷി ലേഖി പറഞ്ഞു. മതപരമായ വിശ്വാസങ്ങളെ തങ്ങൾ മാനിക്കുന്നുണ്ടെന്നും എന്നാൽ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താനാണ് ശ്രമിക്കുന്നതെന്നും അതിനാലാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നുമായിരുന്നു സിപിഎം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ വിശദീകരണം.
മതം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു. ബിജെപി.യും ആർ.എസ്.എസ്സും ചേർന്ന് മതപരമായ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി സിപിഎം. പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന.
അതേസമയം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വിപുലമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും ആഘോഷ പരിപാടികളായിരിക്കും ഉദ്ഘാടന ചടങ്ങിൽ ഉണ്ടാവുക. രാജ്യത്തെ ഏതാണ്ടെല്ലാ പ്രമുഖ വ്യക്തികൾക്കും ക്ഷണക്കത്ത് എത്തിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് മോഹൻലാലും അമൃതാനന്ദമയിയും അടക്കം നിരവധി പേർക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും ക്ഷണിക്കാൻ ഇടയില്ലെന്നാണ് ഇതുവരെയുള്ള സൂചന. എന്നാൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നും അറിയുന്നു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിക്കുക. ശ്രീരാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് വമ്പൻ വികസന പദ്ധതികളാണ് അയോദ്ധ്യയിൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. അവിടെ പുത്തൻ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവ സജ്ജമാക്കി കഴിഞ്ഞു. ശ്രീരാമ രാജ്യാന്തര വിമാനത്താവളത്തിൽ ട്രയൽ റൺ തുടങ്ങി. വ്യോമസേനാ വിമാനമാണ് ട്രയൽ റൺ നടത്തിയത്.
വ്യോമസേനാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. 350 കോടി മുടക്കിയാണ് വിമാനത്താവളം വികസിപ്പിച്ചത്. ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയിൽവെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകൾ അന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഒഫ് ചെയ്യും.
അയോദ്ധ്യ വിമാനത്താവളം രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാക്കി മാറ്റാനാണ് കേന്ദ്രപദ്ധതി. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവിടേക്ക് സർവീസുകളുണ്ടാവും. തീർത്ഥാടകരുടെ പ്രവാഹമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ചെലവിൽ വിമാനയാത്ര സാദ്ധ്യമാക്കുന്ന ഉഡാൻ സർവീസുകളും അയോദ്ധ്യയിലേക്ക് രാജ്യമാകെ നിന്ന് ആരംഭിക്കും.