ലഖ്‌നോ: ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്ഷണമില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. ചടങ്ങിലേക്ക് പല പ്രമുഖരെയും വിളിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഒരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരെയോ രാഷ്ട്രീയ പ്രമുഖരെയോ ചടങ്ങിലേക്ക് കേന്ദ്രസർക്കാരോ യു.പി സർക്കാരോ ക്ഷണിച്ചിട്ടില്ല.

ബി.ആർ. അംബേദ്കറുടെയും ജഗ്ജീവൻ റാമിന്റെയും കൻഷി റാമിന്റെയും കുടുംബാംഗങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാമജന്മഭൂമി മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന മരണപ്പെട്ട കർസേവകരുടെ കുടുംബാംഗങ്ങൾക്കും ക്ഷണമുണ്ട്. അതുപോലെ വിരമിച്ച മൂന്ന് സുപ്രീംകോടതി ജഡ്ജിമാർക്കും കര-വ്യോമ-നാവിക സേനയിലെ മുൻ തലവന്മാർക്കും മുൻ അംബാസഡർമാർക്കും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന മുതിർന്ന ഉന്നത ഉദ്യോഗസ്ഥർക്കും ?െഎ.പി.എസ് ഓഫിസർമാർക്കും നൊബേൽ ജേതാക്കൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ചടങ്ങ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.