കൊൽക്കത്ത: ബംഗാളിൽ ബിജെപി സംഘടിപ്പിച്ച രാമ നവമി ശോഭാ യാത്രക്കിടെ വ്യാപക ആക്രമണം. ഹൂഗ്ലിയിലാണ് അക്രമം അരങ്ങേറിയത്. ഘോഷയാത്രയ്ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ തകർത്തും റോഡിൽ തീയിട്ടും അക്രമകാരികൾ അഴിഞ്ഞാടുകയായിരുന്നു. ഹൂഗ്ലിയിലെ റിസ്രയിലാണ് ആക്രമണം അരങ്ങേറിയത്. ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.

ആക്രമണത്തിൽ ബിജെപി എംഎഎൽഎ ബിമൻ ഘോഷിന് പരിക്കേറ്റു. ചന്ദൻ നഗർ കമ്മീഷണർ അമിത് ജബൽഗിറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. കഴിഞ്ഞ ദിവസം ഹൗറയിൽ രാമ നവമി ഘോഷ യാത്രയ്ക്കിടെയും ആക്രമണം അരങ്ങേറിയിരുന്നു. സംഭവത്തിൽ 38 പേർ അറസ്റ്റിലായിരുന്നു.

പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലവിലുണ്ട്. കടകൾ തുറക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുന്നുണ്ട്. സംഘർഷത്തെ തുടർന്ന് പൊലീസ് വാഹനം അടക്കം നിരവധി വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ കലാപകാരികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തിയിരുന്നു.