- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കേണ്ട ആവശ്യമില്ല; ഇന്ത്യ ഇപ്പോൾ തന്നെ ഹിന്ദുരാഷ്ട്രം; ഹിന്ദുവുള്ളിടത്തോളം കാലം ഹിന്ദുരാഷ്ട്രമായി തുടരും: ആർ.എസ്.എസ് ജനറൽ സെക്രട്ടറി
ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറിക്കഴിഞ്ഞെന്നും അതിനാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റേണ്ട ആവശ്യം ഇനിയില്ലെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ഭാവിയിലും ഇന്ത്യ ഹിന്ദുരാഷ്ട്രമായി തുടരും. ഇന്ത്യയിൽ ഹിന്ദുവുള്ളിടത്തോളം കാലം ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് ഹെഡ്‌ഗെവാർ പറഞ്ഞിട്ടുണ്ട്.
ഭരണഘടന ഒരു ഭരണവ്യവസ്ഥയെ കുറിച്ചാണ് പറയുന്നത്, അത് വ്യത്യസ്തമാണ്. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായിരുന്നു, ഇപ്പോഴും ഹിന്ദുരാഷ്ട്രമാണ്, ഭാവിയിലും ഹിന്ദുരാഷ്ട്രമായിരിക്കും -ഗുജറാത്തിലെ കച്ചിൽ നടന്ന ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബാലെ.
ഇന്ത്യ എപ്പോഴാണ് ഹിന്ദുരാഷ്ട്രമാകുക എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർ.എസ്.എസ് നേതാവ്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതും 'ഹിന്ദുത്വ'യാണെന്ന് ആർഎസ്എസ് നേതാവ് പറഞ്ഞു. 'ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ജനങ്ങൾ മനസ്സിലാക്കാനുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് നടത്തുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യം ഇനിയില്ല. കാരണം ഇന്ത്യ ഇപ്പോൾ തന്നെ ഹിന്ദുരാഷ്ട്രമാണെന്നാണ് ആർ.എസ്.എസ് കരുതുന്നത്' -ഹൊസബാലെ പറഞ്ഞു.
ഇന്ത്യയെ വടക്കെന്നും തെക്കെന്നും വിഭജിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. അത് വലിയ വെല്ലുവിളിയാണ്. ദക്ഷിണേന്ത്യ ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നാണ് ചിലർ ഇപ്പോൾ പറയുന്നത്. ദക്ഷിണേന്ത്യയെ ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റി പ്രത്യേകമായി കാണാൻ ഒരു ഗൂഢാലോചന രാഷ്ട്രീയതലത്തിലും ബൗദ്ധികതലത്തിലും നടക്കുന്നുണ്ട്. ദ്രാവിഡന്മാരും അവരുടെ ഭാഷയും വ്യത്യസ്തമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇത് രാജ്യത്തെ ദുർബലപ്പെടുത്താനുള്ള തന്ത്രമാണ്. ഇതിനെതിരെ ജനം മുന്നോട്ടുവരണം. ഇത്തരക്കാർ ഇനിയും മുന്നോട്ടുപോകുന്നത് തടയണം -ഹൊസബാലെ പറഞ്ഞു.
ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പായി ആർ.എസ്.എസ് പ്രവർത്തകർ രാജ്യത്തെ എല്ലാ വീടുകളിലും നേരിട്ടെത്തി ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്