മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. അമിത് ഷാ സ്വന്തം പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമിത്ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യ സഖ്യത്തെക്കുറിച്ച് അമിത് ഷാ ആശങ്കപ്പെടേണ്ടതില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കണം. അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടാൻ പോകുന്നു. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ കഴിവുള്ളവരാണ്- സഞ്ജയ് റാവത്ത് പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങൾ വീണ്ടും നടക്കുമെന്നും രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് ഒന്നാം നമ്പർ പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് എങ്ങനെ തയ്യാറെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ നടന്ന പൊതുയോഗത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുക എന്നതാണ് അവരുടെ ഏക അജണ്ടയെന്ന് അമിത് ഷാ പറഞ്ഞിരുന്നു.