പാൽഗർ: മീൻപിടുത്തത്തിനിടെ, യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു. ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത് മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലാണ്. ജീവൻ രക്ഷിക്കാൻ കഴിഞ്ഞ യുവാവ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പക്ഷേ 200 കിലോ തൂക്കമുള്ള സ്രാവ് പിന്നീട് ചത്തു.

വൈതരണ നദിയോട് ചേർന്ന ഉൾക്കടലിൽ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു 32 കാരനായ വിക്കി സുരേഷ് ഗോവരി. പൊടുന്നനെ എവിടെ നിന്നെന്ന് അറിയാതെ പ്രത്യക്ഷപ്പെട്ട സ്രാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ വട്ടം ചുറ്റിയ സ്രാവ് കാലിൽ കടിച്ചുപറിച്ചു. വിക്കിയുടെ ഇടതുകാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം മുഴുവൻ സ്രാവ് കടിച്ചെടുത്തു. ചോര വാർന്ന് അബോധാവസ്ഥയിലായ വിക്കിയെ ഉടൻ തന്നെ കൂട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഗ്രാമീണർ വല ഉപയോഗിച്ച് സ്രാവിനെ പിടികൂടിയെങ്കിലും പിന്നീട് അത് ചാകുകയായിരുന്നു.

നാസിക്, പാൽഗൽ ജില്ലകളിലൂടെ ഒഴുകുന്ന വൈതരണ നദി പടിഞ്ഞാട്ടൊഴുകി അറബിക്കടലിൽ ചേരുകയാണ്. ഉൾക്കടലിൽ പതിവ് പോലെ മീൻപിടിക്കാൻ എത്തിയവരെ അദ്ഭുതപ്പെടുത്തി കൊണ്ടാണ് സ്രാവ് പ്രത്യക്ഷപ്പെട്ടത്. സ്രാവ് വെള്ളത്തിന് പുറത്ത് വന്ന് വാലിട്ടടിക്കുന്നതിന്റെയും, ഗ്രാമീണർ സ്രാവിനെ പിടികൂടിയ ശേഷം കയറിൽ തൂക്കിയിട്ടിരിക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.