- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിപ്പബ്ലിക് ദിനത്തിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതയില്ല; കേന്ദ്രം കന്നഡിഗരെ അപമാനിച്ചുവെന്ന് സിദ്ധരാമയ്യ
ന്യൂഡൽഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമർശിക്കുന്നു. ഇത്തവണ കർണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല.
കഴിഞ്ഞ വർഷം ബിജെപി സർക്കാർ നൽകിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കർണാടകയ്ക്ക് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നൽകിയത്.
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളിൽ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്ര സർക്കാർ തള്ളിയത്. ലൈഫ് മിഷൻ അടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയായിരുന്നു കേരളം മുന്നോട്ട് വച്ച മാതൃകകൾ. 10 മാതൃകകളാണ് കേരളം നൽകിയിരുന്നത്.
റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ കേരളം തീരുമാനമെടുത്തിട്ടില്ല. നിശ്ചലദൃശ്യങ്ങൾക്ക് അനുമതി നൽകാത്തതിൽ കേന്ദ്രത്തിനെതിരെ പഞ്ചാബ്, പശ്ചിമബംഗാൾ ഉൾപ്പടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ രൂക്ഷ വിമർശനവുമായി രംഗത്തുണ്ട്.