- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിൽ ഉയർന്നു വരണം: സ്മൃതി ഇറാനി
ദാവോസ്: സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ സാമാന്യവത്കരിക്കപ്പെടണമെന്നും അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പൊതുധാരയിലേക്ക് കൂടുതൽ ഉയർന്നു വരണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ വെച്ചു നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
"സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും അവരുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ ഒരിക്കലും പൊതുധാരയിൽ ഉയർന്നു വരാറില്ല. അത് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് ഞാൻ കരുതുന്നു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത, ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പ്രശ്‌നത്തിന് നിങ്ങൾ എങ്ങനെയാണ് പരിഹാരം കാണുന്നത് തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഒരിക്കലും കുടുംബത്തെ സാമ്പത്തികമായോ മാനസികമായോ ബാധിക്കരുതെന്ന് ചില സ്ത്രീകൾ ചിന്തിക്കാറുണ്ട്. അതുകൊണ്ടാണ് അവർ ഒന്നുകിൽ അസുഖങ്ങൾക്ക് സ്വയം മരുന്ന് കഴിക്കുകയോ ചിലർ മരുന്നു പോലും വാങ്ങാതിരിക്കുകയും ചെയ്യുന്നത്", സ്മൃതി ഇറാനി പറഞ്ഞു.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ അധികാരത്തിൽ വന്നതിനു ശേഷം സ്ത്രീകളുടെ വികസനത്തിനായി സ്വീകരിച്ച പദ്ധതികളെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ 110 മില്യൻ ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ശാക്തീകരണത്തിനും, അവരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതികളായ ജൻ ധൻ യോജന, മുദ്ര തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി ആവിഷ്‌കരണം ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.