- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല; സമൺസ് അയച്ചു പൊലീസ്
ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാത്തതിന് നടൻ മൻസൂർ അലി ഖാനെതിരെ സമൻസ് അയച്ച് ചെന്നൈ തൗസന്റ് ലൈറ്റ്‌സിലെ ഓൾ വുമൺ പൊലീസ് സ്റ്റേഷൻ. അടുത്തിടെ നടി തൃഷക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മൻസൂർ അലിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തിരുന്നു. ഡി.ജി.പി ശങ്കർ ജിവാലിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. വിവാദ പരാമർശത്തിൽ നടനെതിരെ പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൻസൂർ അലിഖാനെതിരെ കേസെടുത്തതും.
സംഭവം വിവാദമായതോടെ ദേശീയ വനിത കമീഷൻ മൻസൂർ അലിക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് കമീഷൻ തമിഴ്‌നാട് പൊലീസിന് നിർദേശവും നൽകിയിരുന്നു. സമൻസ് ലഭിച്ചതിന് പിന്നാലെ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് മൻസൂർ അലി ഖാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോകേഷ് കനകരാജിന്റെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. പരാമർശം വിവാദമായതോടെ താൻ പറഞ്ഞത് തമാശയാണെന്നായിരുന്നു മൻസൂർ അലിയുടെ പ്രതികരണം.
ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മൻസൂർ അലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സഹനടിമാരോട് തനിക്ക് ബഹുമാനമാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.