കോയമ്പത്തൂർ: ദക്ഷിണേന്ത്യയിലെ ആദ്യ സിനിമ തിയറ്റർ 'ഡിലൈറ്റ്' ഓർമ്മയാകുന്നു. 2023 ജൂണിലായിരുന്നു അവസാന പ്രദർശനം. രജനികാന്തിന്റെ മനിതൻ ആയിരുന്നു അത്. 15 വർഷം മുമ്പേ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിർത്തിയിരുന്നു.

1914 ൽ സാമിക്കണ്ണ് വിൻസന്റ് സ്ഥാപിച്ചതാണ് ഡിലൈറ്റ് തിയറ്റർ. അന്ന് വെറൈറ്റി ഹാൾ എന്നായിരുന്നു പേര്. കോയമ്പത്തൂരിൽ വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് വിദേശത്തുനിന്നുള്ള ജനറേറ്ററുകൾ എത്തിച്ചാണ് പ്രവർത്തിച്ചിരുന്നത്.

1930-കളിൽ പെഡൽ പ്രിന്റിങ് മെഷീൻ ഉപയോഗിച്ച് അച്ചടിച്ച സിനിമാ ടിക്കറ്റുകൾ വിതരണം ചെയ്ത ആദ്യത്തെ തിയേറ്ററാണ് വെറൈറ്റി ഹാൾ. 1960കളിൽ കൊച്ചിയിലെ ജോഹാർസ് ഗ്രൂപ്പ് ഹാൾ വിലയ്ക്ക് വാങ്ങി. തുടർന്നാണ് പേര് ഡിലൈറ്റ് തിയറ്റർ എന്നാക്കിയത്. ഷോലെ ഒരു വർഷത്തോളം ഇവിടെ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് മറ്റൊരു വ്യക്തി തിയറ്റർ ലീസിന് വാങ്ങി.

ഇനി ഇവിടെ വാണിജ്യ സമുച്ചയം ഉടൻ ഉയരുമെന്നാണ് വിവരം. ഇതിനായി തിയറ്റർ കെട്ടിടം പൊളിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.