ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ബിജെപിക്കുമാണ് തന്റെ പിന്തുണയെന്ന് വ്യക്തമാക്കി നടിയും മണ്ഡ്യ എംപിയുമായ സുമലത അംബരീഷ്. മണ്ഡ്യയുടെ വികസനത്തിനായി ബിജെപി തന്നോടൊപ്പം സഹകരിക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

''നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണം നടത്തും. എന്നാൽ പാർട്ടി അംഗത്വം സ്വീകരിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വസിക്കുന്നു. മോദിക്കായി പ്രചാരണം നടത്തും'' സുമലത പറഞ്ഞു.

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുമലത ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. വെള്ളിയാഴ്ച തന്റ വീട്ടിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. നിലവിൽ മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അവർ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹത്തിനിടയിലാണ് ഇപ്പോഴത്തെ പ്രസ്താവന.

മണ്ഡ്യയുടെ വികസനമല്ലാതെ മറ്റൊന്നും ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ നിലവിൽ താൻ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നില്ല. മണ്ഡലത്തിന്റെ വികസനങ്ങൾക്ക് ബിജെപി പൂർണപിന്തുണ നൽകുമെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. മണ്ഡലത്തിൽ മാറ്റം അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

ബെംഗളൂരു-മൈസൂരു പത്തുവരി പാത മണ്ഡ്യയിൽ മാർച്ച് 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മറ്റ് ഏത് സ്ഥലം വേണമെങ്കിലും അദ്ദേഹത്തിന് ഉദ്ഘാടനത്തിന് വേണ്ടി തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ അദ്ദേഹം മണ്ഡ്യ തന്നെ തിരഞ്ഞെടുത്തു. ഇത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലാണെന്നും സുമലത കൂട്ടിച്ചേർത്തു.

ജെഡിഎസിന്റെ ശക്തി കേന്ദ്രത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ തോൽപ്പിച്ചാണ് സുമലത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സുമലത ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

സുമലതയുടെ ബിജെപി പ്രവേശം ഉടൻ ഉണ്ടായേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സൂചന നൽകിയിരുന്നു. മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യ ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് സുമലത മത്സരിച്ചേക്കുമെന്നാണ് വിവരം. ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന സുമലത, കോൺഗ്രസ് നേതാവും നടനുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്.