പട്ന: സനാതന ധർമത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് കോടതി. ബിഹാറിലെ പട്നയിലെ എംപിമാർക്കും എംഎ‍ൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്.

കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13-ന് കോടതി മുൻപാകെ ഹാജരാകണം എന്നാണ് സമൻസിൽ നിർദേശിച്ചിട്ടുള്ളത്. ഉദയനിധിക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുൻപാകെ സമർപ്പിക്കപ്പെട്ടിരുന്നത്. മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുണാൽ, പട്ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൗശലേന്ദ്ര നാരായൺ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകൾ നൽകിയത്.

വിവാദ പരാമർശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് രണ്ട് ഹർജിക്കാരും ആവശ്യപ്പെട്ടിട്ടുള്ളത്. 2023 സെപ്റ്റംബർ രണ്ടിന് ചെന്നൈയിൽ നടന്ന എഴുത്തുകാരുടെ പരിപാടിയിൽ ആയിരുന്നു ഉദയനിധിയുടെ പരാമർശം. ഉദയനിധിയുടെ വാക്കുകൾക്കെതിരേ ബിജെപി. നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്‌ഗുരു പരമഹംസ ആചാര്യയും രംഗത്തുവന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്ന് പരമഹംസ ആചാര്യ പ്രസ്താവിച്ചു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു.

ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമ്മാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിർമ്മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.