അഹമ്മദാബാദ്: സൂറത്തിൽ ഏഴംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് കുട്ടികളടക്കമുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവമുണ്ടായത്. സൂറത്തിൽ പാലാൻപുരിലെ ജഗത്നാഗ് റോഡിൽ താമസിച്ചിരുന്ന ഫർണിച്ചർ വ്യാപാരി മനീഷ് സോളംഗി, ഭാര്യ റീത, പിതാവ് കാനു, മാതാവ് ശോഭ, മക്കളായ ദിശ, കാവ്യ, കുശാൽ എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മനീഷിനെ തൂങ്ങിമരിച്ച നിലയിലും ബാക്കിയുള്ളവരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടമരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

സൂറത്തിൽ ഫർണീച്ചർ ബിസിനസ് നടത്തുന്നയാളാണ് മനീഷ്. ഇദ്ദേഹത്തിന്റെ കീഴിൽ 35-ഓളം ജീവനക്കാരുണ്ട്. ശനിയാഴ്ച രാവിലെ ജീവനക്കാർ മനീഷിനെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിട്ടനിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ജീവനക്കാരും നാട്ടുകാരും ജനൽച്ചില്ല് തകർത്ത് വീടിനകത്ത് കടന്നതോടെയാണ് ഏഴുപേരെയും മരിച്ചനിലയിൽ കണ്ടത്.