ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ബിജെപി. തമിഴ്‌നാട്ടിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. നേതാക്കളിൽ ഭൂരിഭാഗവും മുൻ സഖ്യകക്ഷിയായ എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ നേതാക്കൾക്ക് അംഗത്വം നൽകി. നേതാക്കളുടെ വരവ് ബിജെപിക്ക് കരുത്ത് പകരുന്നു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തുന്ന മോദിയുടെ കരങ്ങൾ ശക്തിപ്പെടുത്താൻ ഇവർ ആഗ്രഹിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.

പരമ്പരാഗതമായി ബിജെപി വലിയ ശക്തിയല്ലാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് പോലും മോദിക്ക് ലഭിക്കുന്ന ജനപ്രീതിയാണ് നേതാക്കളുടെ ഒന്നിച്ചുള്ള വരവിൽ നിന്നും മനസ്സിലാക്കാനാവുന്നതെന്ന് ചന്ദ്രശേഖർ പ്രതികരിച്ചു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടുമെന്നും എൻഡിഎ 400 കടക്കുമെന്നും, പുതിയ സീറ്റുകളിൽ പലതും തമിഴ്‌നാട്ടിൽ നിന്നായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.