ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്‌കറെ തയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.

ദ്രാച് മേഖലയിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടൽ ഇതുവരെ അവസാനിച്ചിട്ടില്ല. മൂളു മേഖലയിലെ ഏറ്റുമുട്ടലിലാണ് ലഷ്‌കർ ഭീകരനെ വധിച്ചത്. ഇവിടെ ഇന്നു രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.

കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഹനാൻ ബിൻ യഖൂബും ജംഷദുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പുൽവാമയിൽ ഈ മാസം രണ്ടിന് സ്‌പെഷൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 24ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.