ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 'ദേശീയപാർട്ടി' പ്രഖ്യാപിച്ച് കെ. ചന്ദ്രശേഖർ റാവു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതൽ ഭാരത് രാഷ്ട്രസമിതി അഥവാ ബി.ആർ.എസ്. എന്നറിയപ്പെടുമെന്ന് കെ.സി.ആർ. പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.19-നുള്ള ശുഭമുഹൂർത്തത്തിലാണ് കെ. ചന്ദ്രശേഖർ റാവു 'ദേശീയപാർട്ടി' പ്രഖ്യാപിച്ചത്. ടി.ആർ.എസിനെ ബി.ആർ.എസ്. ആയി പുനർനാമകരണം ചെയ്യാനുള്ള തീരുമാനം പാർട്ടിയുടെ ജനറൽ ബോഡി യോഗത്തിലാണ് കൈക്കൊണ്ടത്.

വിജയദശമി ദിനത്തിൽ നടന്ന ഭാരതീയ രാഷ്ട്രസമിതി പ്രഖ്യാപനവേദിയിൽ കർണാടക മുന്മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഡി.എം.കെ. സഖ്യകക്ഷിയായ വി സി.കെ. നേതാവ് തൊൽ തിരുമാളവനും ഉണ്ടായിരുന്നു.

ദേശീയതലത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.ആർ. വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുകയും ബിജെപി. വിരുദ്ധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, നവീൻ പട്നായിക് തുടങ്ങിയവരുമായി കെ.സി.ആർ. നടത്തിയ കൂടിക്കാഴ്ചകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു.

2024-ൽ ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും എതിരിടാനുള്ള താൽപര്യം നേരത്തെ തന്നെ കെ.സി.ആർ. വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യത്തിൽ പങ്കാളികളാകാൻ വിവിധ പ്രതിപക്ഷ പാർട്ടികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.

ബി.ആർ.എസിനെ കെ.സി.ആർ. ദേശീയപാർട്ടിയായി പ്രഖ്യാപിച്ചെങ്കിലും തത്വത്തിൽ അതൊരു ദേശീയ പാർട്ടിയല്ല. കാരണം, ഒരു പാർട്ടി ദേശീയ പാർട്ടിയാകണമെങ്കിൽ അതിന് ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും സാന്നിധ്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ടും നാലു ലോക്സഭാ സീറ്റും നേടണം. ഇനി അതുമല്ലെങ്കിൽ ചുരുങ്ങിയത് മൂന്നു സംസ്ഥാനത്തുനിന്ന് രണ്ടുശതമാനം ലോക്സഭാ സീറ്റുകളിൽ വിജയിച്ചിരിക്കണം.