ലഖ്‌നോ: ഉത്തർപ്രദേശിൽ എട്ട് വയസുകാരന്റെ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ കണ്ടെത്തി. ലൈംഗികാതിക്രമത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയം. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന്റെ അനാസ്ഥയാണെന്നും കുട്ടിയെ കണ്ടെത്താൻ ഒരു ശ്രമവും നടത്തിയില്ലെന്നും കുട്ടിയുടെ പിതാവ് സുൽഫിക്കർ ആരോപിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ വന്ന വിവരം അറിയിച്ചിട്ടും പൊലീസ് കേസ് രജിറ്റർ ചെയ്യാൻ വൈകിയതായും അദ്ദേഹം പറഞ്ഞു. ഫോൺ വന്ന് 36 മണിക്കൂറിന് ശേഷമാണ് കുട്ടുയുടെ മൃതദേഹം കണ്ടെത്തിയത്. വിളിച്ച ആളുടെ ശബ്ദം തിരിച്ചറിഞ്ഞാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.

അതേസമയം മോചനദ്രവ്യത്തിന്റെ കാര്യം പൊലീസ് നിഷേധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ കാണാതായതെന്നും വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.

കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചതിന് ശേഷം കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് ഒ.പി സിങ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.