ന്യൂഡൽഹി: കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ തനത് കേരള ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യണംമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്.

നിലവിൽ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ് വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് നൽകുന്നത്. കേരളത്തിന്റെ വിഭവങ്ങൾ ആസ്വദിക്കാൻ വിദേശ സഞ്ചാരികൾക്കും ഇതൊരു അവസരമാകുമെന്നും കത്തിൽ പറയുന്നു. നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണെന്നും മലയാളികളായ യാത്രക്കാർക്ക് സ്വന്തം ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കത്തിൽ ചൂണ്ടികാട്ടുന്നു.

വന്ദേഭാരത് ട്രെയിനുകൾ പല സ്റ്റോപ്പുകളിലും കുറഞ്ഞ സമയമാണ് നിർത്തിയിടുന്നതെന്നും ഇത് അസൗകര്യങ്ങളുണ്ടാക്കുന്നു. യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരേ വാതിൽ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ പ്രത്യേക സംവിധാനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.