മുംബൈ: വെബ് സീരിസിനായുള്ള ഓഡിഷനിൽ ഷൂട്ട് ചെയ്ത വീഡിയോ അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. 18 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലുപേർ അറസ്റ്റിലായത്. മോഡലും നടിയുമായ മുംബൈ സ്വദേശിയാണ് അർനാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വെബ് സീരിസിന്റെ ഓഡിഷനുവേണ്ടി ചിത്രീകരിച്ച രംഗം അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. സിനിമയിൽ അവസരം ലഭിക്കുന്നതിനായി യുവതി നിരവധി ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. കുടുംബത്തോടൊപ്പം വസായ് വിഹാറിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്.

കുറച്ചുദിവസങ്ങൾക്ക് മുൻപാണ് വെബ്സീരിസിന്റെ ഓഡിഷനുമായി ബന്ധപ്പെട്ട് യുവതിക്ക് ഫോൺകോൾ വന്നത്. വിഹാറിലെ അർനാല ബീച്ചിൽ വെച്ച് യുവതി വെബ് സീരിസിന്റെ സംവിധായകൻ, ക്യാമറാമാൻ, നായകൻ, മേക്ക്അപ്പ് ആർട്ടിസ്റ്റ് എന്നിവരെ പരിചയപ്പെടുകയും അഭിനയിക്കാൻ സമ്മതം നൽകുകയും ചെയ്തു.

ഓഡിഷന്റെ ഭാഗമായി ഒരു ലോഡ്ജിൽ വെച്ച് ചില ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ചു. ഇത് വെബ്സീരിസിന്റെ ഭാഗമാണെന്നും മറ്റെവിടെയും പ്രദർശിപ്പിക്കുകയില്ലെന്നും ഓഡിഷനിൽ വിജയിച്ചാൽ വെബ്സീരിസിൽ അഭിനയിപ്പിക്കാമെന്നും അണിയറപ്രവർത്തകർ യുവതിക്ക് ഉറപ്പുനൽകി. എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം ഈ രംഗങ്ങൾ അശ്ലീല വെബ്സൈറ്റിലൂടെ വൈറലായി മാറി. ഒരു സുഹൃത്ത് വഴിയാണ് യുവതി ഇക്കാര്യമറിഞ്ഞത്. സംവിധായകനെയും മറ്റും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നു. ഇതോടെയാണ് പരാതി നൽകിയത്.