ന്യൂഡൽഹി: ഡൽഹി ബവാനയിലെ ഹോട്ടൽമുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ കണ്ടെത്തി. 21 വയസ്സുള്ള യുവാവിന്റെയും യുവതിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ കഴുത്തിൽ പരിക്കേറ്റ പാടുകളുണ്ട്.

വായിൽനിന്ന് നുര വന്നനിലയിൽ ദുർഗന്ധം വമിക്കുന്നനിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. ചോരപുരണ്ട കത്തിയും വിഷപദാർഥവും ഹോട്ടൽമുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും മരിച്ച പെൺകുട്ടിയും യുവാവും അല്ലാതെ മറ്റാരും മുറിയിൽ പ്രവേശിച്ചിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.