ലഖ്‌നൗ: രാജ്യ തലസ്ഥാനത്ത് യുവതിയെ കാറിടിച്ച് വീഴ്‌ത്തി റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ യു.പിയിലും സമാന ക്രൂരത. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച ശേഷം, 200 മീറ്ററോളം വലിച്ചിഴച്ചു.

ഉത്തർപ്രദേശിലെ കൗഷാംഭിയിലാണ് സംഭവം. ഗുരുതര പരിക്കേറ്റ യുവതി കൗശാംഭിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് യുവതി സൈക്കിളിനൊപ്പം കാറിന്റെ ചക്രത്തിൽ കുടുങ്ങുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. കംപ്യൂട്ടർ ക്ലാസിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.

ഡൽഹിയിൽ പുതുവത്സരത്തലേന്നായിരുന്നു കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയായ അഞ്ജലി സിങ്ങിനെ 12 കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയത്.