മൂന്നാർ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വട്ടവട ചിലന്തിയാർ സ്വദേശിനി സംഗീത (22) കനിവ് 108 ആംബുലൻസിൽ പെൺകുഞ്ഞിനു ജന്മം നൽകി. സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെ അറിയിച്ചു. തുടർന്ന് ഇവർ വിവരം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അനുവിനെ അറിയിച്ചു. ഡോക്ടർ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.

ആംബുലൻസ് പൈലറ്റ് കെ.എസ്.അജുൽ, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സംഗീതയെയും കൊണ്ട് അടിമാലി താലൂക്കാശുപത്രിയിലേക്കു തിരിച്ചു. കോവിലൂർ ഭാഗത്ത് എത്തിയപ്പോഴേക്കും സംഗീതയുടെ ആരോഗ്യനില വഷളായി. പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയതോടെ ഇതിനു വേണ്ട സജ്ജീകരണങ്ങൾ വാഹനത്തിൽ ഒരുക്കി. പുലർച്ചെ 1.50നു സംഗീത ആംബുലൻസിൽ കുഞ്ഞിനു ജന്മം നൽകി.

ഇരുവർക്കും അനിൽകുമാർ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് അമ്മയെയും കുഞ്ഞിനെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.കഴിഞ്ഞ മാസം 2ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കള്ളിപ്പാറയിൽ തമിഴ്‌നാട് സ്വദേശിനി ചന്ദ്ര ആംബുലൻസിൽ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു.