കൊൽക്കത്ത: പശ്ചിമ ബംഗാളിൽ യുവതി ദാരുണമായി കൊല്ലപ്പെട്ട നിലയിൽ. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ നെൽവയലിന് സമീപത്തായിട്ടാണ് മുഖത്ത് ആസിഡ് വീണ് പൊള്ളലേറ്റ് വികൃതമായ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം കണ്ടെത്തിയ ഉടൻ ഗ്രാമവാസികൾ മാൾഡ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് എന്ന് പൊലീസ് അറിയിച്ചു. യുവതിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയത് ആയിരിക്കാമെന്നാണ് ഗ്രാമവാസികൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ പല ഭാഗങ്ങളിലും കുത്തേറ്റ പാടുകൾ കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്ത് കത്തികൾ, ആസിഡ്, ഉപയോഗിച്ച കോണ്ടം, കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

മൃതദേഹം ആരുടെതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് പ്രദീപ് കുമാർ യാദവ് വ്യക്തമാക്കി.